Trending

കുന്ദമംഗലം നിയോജക മണ്ഡലം പദ്ധതി പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി

കുന്ദമംഗലം നിയോജക മണ്ഡലം പദ്ധതി പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി


കുന്ദമംഗലം: കുന്ദമംഗലം നിയോജകമണ്ഡലത്തിലെ വിവിധ സർക്കാർ വകുപ്പുകളുടെ പ്രവർത്തന പുരോഗതിയും വികസന പദ്ധതികളുടെ അവസ്ഥയും വിലയിരുത്തുന്നതിനായി ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും വിപുലമായ അവലോകന യോഗം കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് ഹാളിൽ ചേർന്നു. എം.എ റസാഖ് മാസ്റ്റര്‍ എം.എൽ.എയുടെ അധ്യക്ഷതയിലായിരുന്നു യോഗം. കുന്ദമംഗലത്തിന്റെ സമഗ്ര പുരോഗതി ലക്ഷ്യമിട്ട് തയ്യാറാക്കുന്ന മാസ്റ്റർ പ്ലാനിലേക്കുള്ള പ്രധാന ചുവടുവെപ്പുകളിൽ ഒന്നായാണ് ഈ യോഗം വിലയിരുത്തപ്പെടുന്നത്.
എം.എൽ.എ.യുടെ ആസ്തി വികസന ഫണ്ട്, പ്രാദേശിക വികസന ഫണ്ട് എന്നിവ ഉൾപ്പെടെ വിവിധ ഫണ്ടുകൾ വിനിയോഗിച്ച് മണ്ഡലത്തിൽ നടപ്പിലാക്കിവരുന്ന നിർമ്മാണ പ്രവൃത്തികളുടെയും ജനക്ഷേമ പദ്ധതികളുടെയും നിലവിലെ അവസ്ഥ യോഗം വിശദമായി ചർച്ച ചെയ്തു. നിലവിൽ നടന്നുകൊണ്ടിരിക്കുന്ന പ്രവൃത്തികൾ സമയബന്ധിതമായും ദ്രുതഗതിയിലും പൂർത്തിയാക്കാൻ യോഗത്തിൽ ഉദ്യോഗസ്ഥർക്ക് കർശന നിർദ്ദേശം നൽകി.
ഭരണപരമായ കാരണങ്ങളാലോ സാങ്കേതിക തടസ്സങ്ങളാലോ പതുക്കെയായ പദ്ധതികളുടെ തടസ്സങ്ങൾ അടിയന്തരമായി നീക്കി വേഗത വർദ്ധിപ്പിക്കാനും, ഭാവിയിൽ മണ്ഡലത്തിന് ആവശ്യമായ പുതിയ വികസന പദ്ധതികളുടെ രൂപരേഖ തയ്യാറാക്കാനും യോഗത്തിൽ തീരുമാനമായി. ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ് സി. കെ ഫസീല, ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് മാരായ ആർ. വി ജാഫർ, എം.കെ നദീറ, സി.വി സംജിത്ത്, കെ.പി രാജൻ, മുനീറത്ത്.സി, സുലിൻ. എം.എസ്, എസ്.എഫ്.ഒ മനോജൻ കെ. പി, അസിസ്റ്റന്റ് ഡയറക്ടർ നാജില ഉബൈദുള്ള, ഉൾപ്പെടെയുള്ള വിവിധ വകുപ്പുകളിലെ ജില്ലാ-താലൂക്ക് തല ഉദ്യോഗസ്ഥ മേധാവികൾ യോഗത്തിൽ പങ്കെടുത്തു. ഓരോ വകുപ്പിന് കീഴിലും നടക്കുന്ന പദ്ധതികളുടെ പുരോഗതി റിപ്പോർട്ട് ഉദ്യോഗസ്ഥർ യോഗത്തിൽ സമർപ്പിച്ചു. മണ്ഡലത്തിലെ വിവിധ ജില്ലാ ബ്ലോക്ക് ഗ്രാമപഞ്ചായത്ത് ജനപ്രതിനിധികളും, ഉദ്യോഗസ്ഥരും യോഗത്തിൽ സജീവമായി പങ്കെടുക്കുകയും പ്രാദേശികമായ വികസന ആവശ്യങ്ങളും നിർദ്ദേശങ്ങളും യോഗത്തിന്റെ ശ്രദ്ധയിൽപ്പെടുത്തുകയും ചെയ്തു.
വിവിധ വകുപ്പുകളെ ഏകോപിപ്പിച്ചുകൊണ്ട് കുന്ദമംഗലം നിയോജകമണ്ഡലത്തെ മാതൃകാ മണ്ഡലമാക്കാനുള്ള മാസ്റ്റർ പ്ലാൻ പ്രവർത്തനങ്ങളുമായി മുന്നോട്ടുപോകുമെന്ന് അധ്യക്ഷത വഹിച്ച എം.എൽ.എ റസാഖ് മാസ്റ്റര്‍ അറിയിച്ചു.

Post a Comment

Previous Post Next Post